പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ ഈ സന്ദർശനം. 2024 ഓഗസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ ഉയർത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ മലേഷ്യൻ സന്ദർശനമാണിത്.
സാമ്പത്തികം, നൂതന സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സമീപകാലത്ത് വലിയ പുരോഗതി കൈവരിച്ചതായി യാത്ര തിരിക്കുന്നതിന് മുൻപ് നൽകിയ പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അൻവർ ഇബ്രാഹിമുമായുള്ള ചർച്ചകൾ ഈ പങ്കാളിത്തത്തിന് പുതിയ ദിശാബോധം നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.