ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാർ ഇന്ത്യ സഖ്യം രൂപീകരിച്ചാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് 2 തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ വോട്ട് മോഷണത്തിന് നടപടി ആരംഭിക്കുമെന്ന് രാഹുൽ പറഞ്ഞു.

തിങ്കളാഴ്‌ച ബിഹാറിലെ ഗയയിൽ ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ ഭീഷണി. ‘വോട്ട് മോഷണം’ പിടിക്കപ്പെട്ടതിന് ശേഷവും തന്നോട് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് പാനൽ ആവശ്യപ്പെടുകയാണെന്ന് രാഹുൽ പറഞ്ഞു. ഭാരത മാതാവിൻ്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണ് വോട്ട് മോഷണമെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് പറയാനുള്ളത് രാജ്യം മുഴുവൻ നിങ്ങളോട് ഒരു സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുമെന്നാണ്. ഞങ്ങൾക്ക് കുറച്ച് സമയം തരൂ, ഓരോ ലോക്സഭാ സീറ്റുകളിലെയും നിയമസഭാ സീറ്റുകളിലെയും നിങ്ങളുടെ മോഷണം ഞങ്ങൾ പിടികൂടുകയും അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും,’ രാഹുൽ പറഞ്ഞു.

‘ ഒരു പ്രത്യേക പാക്കേജിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതുപോലെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിനായി SIR എന്ന പേരിൽ ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നിട്ടുണ്ട്, അതിനർത്ഥം വോട്ട് മോഷണത്തിന്‍റെ ഒരു പുതിയ രൂപം എന്നാണ്- രാഹുൽ ഗാന്ധി തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. രാഹിലുനൊപ്പം ആർജെഡി നേതാവ് തേജസ്വി യാദവും വേദിയിൽ ഉണ്ടായിരുന്നു.

‘വോട്ട് മോഷണം’ സംസ്ഥാനത്ത് നടത്താനാവില്ലെന്ന് ബിഹാറിലെ ജനങ്ങൾ ബിജെപി നേതാക്കളോടും തിരഞ്ഞെടുപ്പ് കമ്മീഷണർമാരോടും ഒറ്റക്കെട്ടായി പറയുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും അവകാശവാദങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു.

Related Posts