നഗരത്തിലെ ഹൊറമാവു, കെ.ആർ. പുരം മേഖലകളിലുള്ള ബാലാജി ലേഔട്ട്, പ്രകൃതി ടൗൺഷിപ്പ് എന്നിവിടങ്ങളിലെ 25 ഓളം വീടുകൾ പൊളിച്ചുനീക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ നടപടി ആരംഭിച്ചു. വീടുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് റെയിൽവേ എസ്റ്റേറ്റ് ഓഫീസ് താമസക്കാർക്ക് നോട്ടീസ് നൽകി. നവംബർ 21 മുതൽ ജെ.സി.ബി ഉപയോഗിച്ച് പൊളിക്കൽ നടപടികൾ ആരംഭിക്കാനാണ് അധികൃതരുടെ നീക്കം.
ഹൊറമാവ് റെയിൽവേ അണ്ടർബ്രിഡ്ജ് കോമ്പൗണ്ടിൻ്റെ അതിർത്തിയിൽനിന്ന് 6 മുതൽ 12 മീറ്റർ വരെയുള്ള ഭാഗത്താണ് റെയിൽവേ അധികൃതർ പൊളിച്ചുനീക്കേണ്ട സ്വത്തുക്കൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതിൽ വീടുകളുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്നതായാണ് വിവരം.
എന്നാൽ തങ്ങൾ നിയമപരമായി ഭൂമി വാങ്ങി വീടുകൾ നിർമിച്ചവരാണെന്നും റെയിൽവേ ഭൂമി കൈയേറിയിട്ടില്ലെന്നുമാണ് പ്രദേശവാസികളുടെ വാദം. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ പലതവണ ആവശ്യപ്പെട്ടിട്ടും റെയിൽവേ അധികൃതർ ഹാജരാക്കിയിട്ടില്ലെന്നും താമസക്കാർ ആരോപിക്കുന്നു. വീടുകൾ പൊളിച്ച് ഭൂമി ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്നും പ്രകൃതി ടൗൺഷിപ്പ് അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു.
ഒരാഴ്ച മുമ്പാണ് റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി അധികൃതർ പ്രദേശത്തെത്തി വീടുകൾ പൊളിക്കാനുള്ള നീക്കത്തെക്കുറിച്ച് അറിയിച്ചതെന്ന് ഒരു താമസക്കാരി പറഞ്ഞു. 2016 മുതൽ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കുടുംബം താമസിക്കുന്നത്. പ്രായമായ മാതാപിതാക്കളും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുമുള്ള കുടുംബത്തിന് പെട്ടെന്ന് വീട് ഒഴിയേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാണ്. ഇ-ഖാത്ത, പുതുക്കിയ നികുതി രസീതുകൾ ഉൾപ്പെടെയുള്ള രേഖകൾ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
2025 സെപ്റ്റംബറിൽ തന്നെ 20 ഓളം വീടുകൾക്ക് ആദ്യമായി നോട്ടീസ് നൽകിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നാണ് താമസക്കാരുടെ ആരോപണം. കോടതിയിൽനിന്ന് ഇടക്കാല ആശ്വാസം ലഭിക്കുന്നത് തടയുന്നതിനായി റെയിൽവേ കോടതിയിൽ കാവിയറ്റ് ഹർജിയും സമർപ്പിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.