മോദിസര്‍ക്കാരിനെതിരേ അതിരൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ 11 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചത് ഉത്തരവാദിത്വമില്ലായ്മയ്ക്കും പ്രചാരവേലകള്‍ക്കുമാണെന്ന് രാഹുല്‍ പരിഹസിച്ചു. കേന്ദ്രം വര്‍ത്തമാനകാലത്തേക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയെന്നും ഇപ്പോള്‍ 2047-ലെ സ്വപ്നങ്ങള്‍ വില്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
മുംബൈയിലെ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹികമാധ്യമമായ എക്സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് ആളുകൾ തിങ്ങിനിറഞ്ഞതിനാൽ 4 പേർ വീണ് മരിക്കുകയും ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീവണ്ടിയപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച രാഹുൽ, പരിക്കേറ്റവർ വേഗം സുഖപ്പെടട്ടേയെന്നും ആശംസിച്ചു.
വികസനത്തിന്റെ 11 വർഷങ്ങൾ മോദി സർക്കാർ ആഘോഷിക്കുമ്പോൾ, രാജ്യത്തിന്റെ യാഥാർഥ്യം പ്രതിഫലിക്കുന്നത് നിരവധിയാളുകൾ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചെന്ന മുംബൈയിൽ നിന്നുള്ള ദുരന്തവാർത്തയിലാണ്, രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ റെയിൽവേ കോടിക്കണക്കിനാളുകളുടെ ജീവിതത്തിൻ്റെ നട്ടെല്ലാണ്. എന്നാൽ, ഇന്ന് അത് അരക്ഷിതാവസ്ഥയുടെയും തിരക്കിൻ്റെയും കുത്തഴിഞ്ഞ അവസ്ഥയുടെയും പ്രതീകമായി മാറിക്കഴിഞ്ഞെന്നും രാഹുൽ ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ 11 കൊല്ലങ്ങൾ ഉത്തരവാദിത്വമില്ലായ്മ, പ്രചാരവേലകൾ, മാറ്റമില്ലായ്ക അദ്ദേഹം എക്സിലെ കുറിപ്പിൽ പരിഹസിച്ചു. ഇന്ന് രാജ്യം എന്താണ് നേരിട്ടുകൊണ്ടിരിക്കുന്നത്, ആര് അത് ശ്രദ്ധിക്കുമെന്നും രാഹുല്‍ ചോദിച്ചു. കസാരയിലേക്കുള്ള യാത്രയ്ക്കിടെ ദിവ-കോപാര്‍ സ്റ്റേഷനുകൾക്കിടെയിലാണ് തീവണ്ടിയില്‍നിന്ന് ആളുകള്‍ താഴെവീണ് അപകടമുണ്ടായത്. തീവണ്ടിയില്‍ ആളുകള്‍ നിങ്ങിനിറഞ്ഞതും ചവിട്ടുപടിയില്‍ നിന്ന് യാത്ര ചെയ്തതുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.