വോട്ടുകൊള്ള വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്നുപറഞ്ഞ് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും രാഹുലിൻ്റേത് കള്ള ആരോപണമാണെന്നും മീഡിയ സെൻ്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
വോട്ടു കൊള്ള വിഷയത്തിൽ ‘വോട്ടധികാർ യാത്ര’ എന്ന പേരിൽ രാഹുൽ പര്യടനം തുടങ്ങിയ ദിവസമാണ് കമ്മീഷൻ മാധ്യമങ്ങളെ കണ്ടത്. കുടിയേറ്റക്കാരെ ഒഴിവാക്കുമെന്നും വോട്ട് ഇന്ത്യൻ പൗരൻമാർക്ക് മാത്രമായിരിക്കുമെന്നും എസ്.ഐ.ആറിൽ നിന്ന് പിൻമാറില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കമ്മീഷണർ അറിയിച്ചു.
കരട് പട്ടിക ബി.എൽ.ഒ മാരുടെ സഹായത്തോടെയാണ് തയ്യാറാക്കിയതെന്ന് പ്രത്യേക തീവ്ര പട്ടിക പരിഷ്കരവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾക്ക് മറുപടിയായി ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടർപട്ടിക ശുദ്ധീകരിക്കലാണ് ലക്ഷ്യമെന്നും . വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ തയ്യാറാണെന്നും അടുത്ത മാസം ഒന്നാം തീയതി വരെ പരാതികൾ സമർപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അന്തിമ പട്ടിക പരിശോധന പൂർത്തിയായ ശേഷം രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറും. വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. സുതാര്യത ഉറപ്പാക്കാനാണ് എസ്.ഐ.ആർ നടപ്പാക്കിയത്. ജനങ്ങളിൽ തെറ്റിദ്ധരണ പടർത്താനുള്ള ശ്രമം നടക്കുന്നു. ഇപ്പോഴത്തെ ആരോപണം എന്തിനെന്ന് കമ്മീഷൻ ചോദിച്ചു.
കള്ള ആരോപണമാണ് രാഹുലിന്റേതെന്നും ജനങ്ങളിൽ പരിഭ്രാന്തി നടത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഭരണഘടനയെ അപമാനിക്കുന്നതാണ്. വോട്ടുകൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിച്ചു. വോട്ടർമാരുടെ സ്വകാര്യത ലംഘിക്കുന്നുവെന്നും അനുമതിയില്ലാതെ വോട്ടർമാരുടെ ചിത്രം ഉപയോഗിച്ചുവെന്നും തെറ്റായ വിവരം നൽകിയതിന് രാഹുൽ മാപ്പു പറയണമെന്നും കമ്മീഷൻ പറഞ്ഞു.
വോട്ടർ ഐ.ഡിയിൽ വീട്ടു നമ്പർ ‘0’ ആയതിൽ അസ്വാഭാവികതയില്ല. കോടിക്കണക്കിനു പേർ സ്വന്തമായി വീടില്ലാത്തവർ ഉണ്ട്. അവർക്കൊന്നും വീട്ടു നമ്പർ നൽകാനാവില്ല. വ്യാജ ആരോപണങ്ങളെ കമ്മീഷൻ ഭയപ്പെടുന്നില്ലെന്നും പറഞ്ഞു.