ട്രെയിൻ യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾക്ക് പരിഹാരമൊരുക്കുന്നതിൻ്റെ ഭാഗമായി നിലവിലെ ആർ.എ.സി (RAC) ടിക്കറ്റ് സംവിധാനം നിർത്തലാക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നു. രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് വീതം പങ്കിട്ടുനൽകുന്ന നിലവിലെ രീതി യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ആർ.എ.സി ടിക്കറ്റ് ലഭിക്കുന്ന യാത്രക്കാർക്ക് ഒരു ബെർത്തിൻ്റെ പകുതി മാത്രമാണ് അനുവദിക്കുന്നത്. എന്നാൽ ഇതിന് മുഴുവൻ ടിക്കറ്റ് നിരക്കും നൽകേണ്ടിവരുന്നു. പൂർണ നിരക്ക് ഈടാക്കുമ്പോഴും പൂർണമായ യാത്രാസൗകര്യം ലഭിക്കാത്തത് ഏറെക്കാലമായി യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

മുഴുവൻ ടിക്കറ്റ് നിരക്ക് നൽകുന്നവർക്ക് സ്വന്തമായി ഒരു ബെർത്ത് ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ആർ.എ.സി സംവിധാനം തുടരാനാണ് റെയിൽവേ തീരുമാനിക്കുന്നതെങ്കിൽ അതിനനുസരിച്ച് ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

യാത്രക്കാരുടെ പരാതികളും ആവശ്യങ്ങളും പരിഗണിച്ച് ആർ.എ.സി സംവിധാനം പൂർണമായും ഒഴിവാക്കുന്നതിനുള്ള സാധ്യതകളാണ് റെയിൽവേ മന്ത്രാലയം പരിശോധിക്കുന്നത്. പരിഷ്കരണം നടപ്പിലായാൽ ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Related Posts