തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ പാർട്ടി എംഎൽഎമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ജോസഫ് വിജയ്. രണ്ട് എംഎൽഎമാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ.

ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാരുമായും വിജയ് നേരിട്ട് സംസാരിച്ചതായാണ് റിപ്പോർട്ട്. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് ടിവികെ നേതൃത്വം യോഗത്തിൽ സൂചിപ്പിച്ചു.

ഈ സാഹചര്യത്തിൽ എംഎൽഎമാരുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമായിരിക്കുമെന്ന് വിജയ് ഉറപ്പുനൽകി. പ്രതിപക്ഷ പാർട്ടികളിൽനിന്ന് ലഭിക്കുന്ന വാഗ്ദാനങ്ങളിൽ വീണുപോകരുതെന്നും പാർട്ടിയോടും സർക്കാരിനോടും വിശ്വസ്തത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സർക്കാർ ആറുമാസം പൂർത്തിയാക്കുന്നതോടെ ഭൂരിപക്ഷം ചോദ്യം ചെയ്യാനുള്ള നീക്കങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയേക്കുമെന്നാണ് ടിവികെ നേതൃത്വത്തിൻ്റെ ആശങ്ക. എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ ഔദ്യോഗികമായി നീക്കം നടത്തുമെന്ന് പ്രതിപക്ഷം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Posts