ട്രെയിനിൽവെച്ച് മോശമായി സ്പർശിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് 20കാരിയെ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽനിന്ന് മധ്യവയസ്കൻ തള്ളിയിട്ടു. അപകടത്തിൽ യുവതിയുടെ ഇടതുകൈ നഷ്ടമായി. മുംബൈയിലെ നയ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നവംബർ നാലിനാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ബോറിവലിയിൽനിന്ന് വിരാറിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിൽവെച്ചാണ് നയ്ഗാവ് സ്വദേശിയായ ജിതേന്ദ്ര ഗിർജപ്പ ഹിർമുഖെ (53) യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഇയാൾ മോശമായി സ്പർശിച്ചതിനെ യുവതി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യുവതി ചെരിപ്പൂരി ഇയാളെ അടിച്ചു. ഇതോടെ പ്രകോപിതനായ പ്രതി തിരിച്ചടിക്കുകയും നയ്ഗാവ് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ യുവതിയെ പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു എന്നാണ് പരാതി.

ട്രെയിനിൻ്റെ രണ്ട് കോച്ചുകൾക്കിടയിലെ ട്രാക്കിലേക്കാണ് യുവതി വീണത്. തുടർന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇടതുകൈ ട്രെയിനിൻ്റെ ചക്രങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ കൈമുട്ടിന് സമീപത്തുവെച്ച് ഇടതുകൈ മുറിച്ചുമാറ്റേണ്ടിവന്നു. വീഴ്ചയിൽ തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. തലയിലെ മുറിവുകൾക്ക് 16 തുന്നലുകളും വേണ്ടിവന്നു.

സംഭവത്തിൽ പ്രതിയായ ജിതേന്ദ്രയെ നവംബർ ഒമ്പതിന് പൊലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്.) 74, 117(2) വകുപ്പുകൾ പ്രകാരമാണ് ആദ്യം കേസെടുത്തത്. പിന്നീട് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വധശ്രമം സംബന്ധിച്ച 109-ാം വകുപ്പും കൂട്ടിച്ചേർത്തു.

ഫ്ലിപ്കാർട്ടിൽ ഡെലിവറി ജീവനക്കാരിയായി ജോലി ചെയ്തിരുന്ന യുവതിയുടെ ജീവിതമാണ് ഒരൊറ്റ ആക്രമണത്തിലൂടെ തകർന്നത്. ഇനി ഒരു കൈകൊണ്ട് എങ്ങനെ ജോലി ചെയ്യുമെന്നും നാലുവയസ്സുള്ള കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കുമെന്നും യുവതി ആശങ്കപ്പെടുന്നു. തനിക്കും കുഞ്ഞിനും നീതി ലഭിക്കണമെന്നും പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നതാണ് സംഭവം. പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കൂടുതൽ ശക്തമായ സുരക്ഷാ നടപടികൾ വേണമെന്ന ആവശ്യവും ഇതോടെ ശക്തമാകുകയാണ്.

Related Posts