ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കവുമായി നിലവിലെ പ്രസിഡണ്ട് പി.ടി. ഉഷ. അവസാന നിമിഷത്തെ രാഷ്ട്രീയ നീക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശത്തിലൂടെ ഉഷ ജനറൽ അസംബ്ലിയിൽ ഇടംപിടിച്ചു. ഇതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള സാധ്യതകൾ സജീവമായി.
ദേശീയ കായിക ഫെഡറേഷനുകൾക്ക് ജനറൽ അസംബ്ലിയിലേക്കുള്ള പ്രതിനിധികളെ നാമനിർദേശം ചെയ്യാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചു. നേരത്തെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) സമർപ്പിച്ച പ്രതിനിധിപ്പട്ടികയിൽ പി.ടി. ഉഷയ്ക്ക് ഇടം ലഭിച്ചിരുന്നില്ല.
സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഐഒഎ ഭരണസമിതിയിലേക്ക് എത്താൻ ഉഷയ്ക്ക് മുന്നിൽ മറ്റു വഴികൾ പരിമിതമായിരുന്നു. ഏതെങ്കിലും ദേശീയ കായിക ഫെഡറേഷൻ്റെ പ്രതിനിധിയായി ജനറൽ അസംബ്ലിയിൽ ഇടം നേടുക മാത്രമായിരുന്നു ശേഷിച്ച പ്രധാന സാധ്യത. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശം ലഭിച്ചതോടെ ഈ കടമ്പ മറികടക്കാൻ ഉഷയ്ക്ക് സാധിച്ചു. വനിതാ പ്രതിനിധിയായാണ് ഉഷ ജനറൽ അസംബ്ലിയിൽ എത്തുന്നത്.
30 ദേശീയ കായിക ഫെഡറേഷനുകളിൽനിന്ന് ഓരോ പുരുഷനും വനിതയും വീതം ആകെ 60 പ്രതിനിധികളാണ് ജനറൽ അസംബ്ലി പട്ടികയിലുള്ളത്. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി തമിഴ്നാട് മന്ത്രി ആധവ് അർജുനയും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
അതേസമയം, അത്ലറ്റ്സ് കമ്മീഷൻ പ്രതിനിധികളായി മലയാളി നീന്തൽ താരം സജൻ പ്രകാശിനെയും ഇന്ത്യൻ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു.
എസ്ഒഎം തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ച് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൻ്റെ വരണാധികാരി സഞ്ജയ് കെ. ശ്രീവാസ്തവ നിഷ്പക്ഷത പാലിച്ചില്ലെന്നും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചെന്നുമാണ് ഐഒസി പ്രസിഡണ്ട് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തിൽ ഉഷ ആരോപിക്കുന്നത്.
വിഷയത്തിൽ ഐഒസിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവുമാണ് ഉഷ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യതയും ഐഒഎയുടെ സ്വയംഭരണാവകാശവും സംരക്ഷിക്കാനാണ് പരാതി നൽകിയതെന്നും വ്യക്തിപരമായ തോൽവിയുടെ പേരിലല്ലെന്നും ഉഷ വ്യക്തമാക്കിയിട്ടുണ്ട്.
വനിതാ വിഭാഗം എസ്ഒഎം തെരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജ് 53 വോട്ടും റാണി രാംപാൽ 50 വോട്ടും ഡോള ബാനർജി 45 വോട്ടും സൈന നെഹ്വാൾ 43 വോട്ടും നേടി തെരഞ്ഞെടുക്കപ്പെട്ടു. 40 വോട്ടുകൾ മാത്രം ലഭിച്ച പി.ടി. ഉഷ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം, കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ വെള്ളിയാഴ്ച വൈകിട്ട് ആറുവരെ സമർപ്പിക്കാം. നവംബർ 15-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ അഞ്ചിന് നടക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിലേക്കാണ് ഇനി കായികലോകത്തിൻ്റെ ശ്രദ്ധ. ജനറൽ അസംബ്ലിയിൽ ഇടംനേടിയതോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള ഉഷയുടെ നീക്കങ്ങൾക്ക് പുതിയ വഴിതുറന്നിരിക്കുകയാണ്.