പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സതീശനെതിരെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. പുനർജനി പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണത്തിൽ വി.ഡി. സതീശന് സാമ്പത്തിക ഇടപാടുകളുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുനർജനി പദ്ധതി കേസിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും, വീണ്ടും നടത്തിയ അന്വേഷണത്തിലും അവയ്ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
യുകെ ആസ്ഥാനമായ മിഡ്ലാൻഡ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റ് സമാഹരിച്ച 22,500 പൗണ്ട് എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ അക്കൗണ്ടിലേക്കാണ് കൈമാറിയതെന്നും, ഈ തുക സതീശൻ്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. അഴിമതി നിരോധന നിയമപ്രകാരം വി.ഡി. സതീശനെതിരെ കേസ് നിലനിൽക്കില്ലെന്ന നിലപാടാണ് വിജിലൻസ് സ്വീകരിച്ചിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.