അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എ കൈവശം സൂക്ഷിച്ചതിന് മുൻ സ്വകാര്യ എയർലൈൻ പൈലറ്റായ മലയാളിയെ ഗുരുഗ്രാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയും നിലവിൽ ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്‌മാർക്ക് സൊസൈറ്റി താമസക്കാരനുമായ അർഷാദ് അലി (33) എന്ന അജ്ജുവിനെയാണ് സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സെക്ടർ 103-ന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 814 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചോദ്യംചെയ്യലിൽ, ആദ്യം സ്വന്തം ഉപയോഗത്തിനായി ലഹരിമരുന്ന് വാങ്ങിയിരുന്നുവെന്നും പിന്നീട് എളുപ്പത്തിൽ പണം സമ്പാദിക്കാനായി വിൽപ്പനയിലേക്ക് കടന്നുവെന്നുമാണ് അർഷാദ് മൊഴി നൽകിയതെന്ന് പോലീസ് വ്യക്തമാക്കി. നോയിഡയിലെ ഒരാളിൽ നിന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് എം.ഡി.എം.എ വാങ്ങിയതെന്നും വിൽപ്പനയ്ക്ക് ശേഷം ബാക്കി തുക നൽകാനായിരുന്നു ധാരണയെന്നും ഇയാൾ വെളിപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു.

രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ലഹരിമരുന്ന് എത്തിച്ചുനൽകിയവരെയും വാങ്ങിയവരെയും കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Related Posts