സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിന് പാക് അധീന കശ്മീര്‍ (പിഒകെ) ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി)യുടെ നേതൃത്വത്തില്‍ മേഖലയിലുടനീളം വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. പാക് അധീന കശ്മീരില്‍ കുറച്ചുനാളുകള്‍ കൊണ്ടാണ് അവാമി ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ കുറെയേറെ സംഘടനകള്‍ ഒന്നിച്ച് പ്രതിഷേധങ്ങള്‍ തുടങ്ങിയത്.
പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പിഒകെ അസംബ്ലിയില്‍ സംവരണം ചെയ്തിട്ടുള്ള 12 നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നും പാക് അധീന കശ്മീരില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വേണമെന്നുമുള്‍പ്പെടെയുള്ള 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.