മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഒരു പൊതുചടങ്ങിലെ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുന്നു. “അമ്മമാർ മകൻ്റെ ഭാര്യയ്ക്കും പരമ്പരാഗത ഭക്ഷണരീതികൾ പകർന്നു നൽകണം” എന്ന പരാമർശമാണ് വിവാദമായത്.

കലയും ഭക്ഷണസംസ്കാരവും ഉൾപ്പെടെയുള്ള പാരമ്പര്യങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ചില അമ്മമാർ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്നുണ്ടെങ്കിലും അത് മക്കൾക്കോ മകൻ്റെ ഭാര്യയായെത്തുന്ന ആളിനോ പഠിപ്പിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

എന്നാൽ, പാചകവും വീട്ടുജോലികളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന ധാരണ ശക്തിപ്പെടുത്തുന്നതാണ് ഈ പരാമർശമെന്ന് വിമർശകർ ആരോപിക്കുന്നു. ലിംഗഭേദമില്ലാതെ എല്ലാവരും പാചകവും വീട്ടുജോലികളും അഭ്യസിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ വിമർശനം ഉയർന്നു.

എഴുത്തുകാരി ശാരദക്കുട്ടി മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. മുൻമന്ത്രി വി. ശിവൻകുട്ടി സമൂഹമാധ്യമത്തിൽ, “വീട്ടുജോലികൾ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യണമെന്ന മാറ്റം പാഠപുസ്തകങ്ങളിൽ കൊണ്ടുവന്നിട്ടും ഇത്തരമൊരു പരാമർശം നിരാശാജനകമാണ്” എന്ന് പ്രതികരിച്ചു.

പരാമർശം ലിംഗസമത്വത്തിന് വിരുദ്ധമാണെന്നും പഴയ സാമൂഹിക ധാരണകളെ ആവർത്തിക്കുന്നതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

‘ചുമ്മാതല്ല , ജന്തർ മന്ദിറിലെ സമരപ്പന്തലിലെ പെൺകുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാ പൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു.
പാരമ്പര്യം പകർന്നു കൊടുക്കാനൊക്കെ ഇക്കാലത്തെ അമ്മമാർ പോലും ധൈര്യപ്പെടാത്തിടത്താണ്.
അമ്മു ദീപയുടെ ഒരു കവിത ഞാനങ്ങു സമർപ്പിക്കുന്നു. വെറുതെ വായിച്ചിട്ടു കാര്യമില്ല, ബുദ്ധി ഒന്ന് നന്നായി കഴുകി ഉണക്കിയെടുക്കണം.

“എൻ്റെ അമ്മേടമ്മേടമ്മയ്ക്ക്
സൊന്തായിട്ടൊരമ്മിക്കല്ലുണ്ടാര്‍ന്നു.
അമ്മേടമ്മേടമ്മേടമ്മ അത്
അമ്മമ്മയ്ക്ക് കൊടുത്തു.
അമ്മമ്മ അത് അമ്മയ്ക്കു കൊടുത്തു.
അമ്മ അത് എനിക്ക് തന്നു.
ഞാനതെടുത്ത് എൻ്റെ മകളുടെ തലയ്ക്കിട്ടു.
ഞങ്ങളുടെ താവഴി അന്യംനിന്നു പോയതങ്ങിനെയാണ്.”

Related Posts