വടകര പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ.പുഷ്പവല്ലി(65)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. വടകര നഗരസഭ മുൻ കൗൺസിലറായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.
പുഷ്പവല്ലി മകൾക്കും പേരക്കുട്ടിക്കും ഒപ്പം ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു. വടകര – പയ്യോളി റൂട്ടിലെ ഹരേറാം ബസ് ഇവരെ ഇടിച്ചിടുകയും നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസിൻ്റെ ടയർ കയറുകയുമായിരുന്നു. ആളുകൾ ബഹളം വെച്ചതോടെ ബസ് ഡ്രൈവർ ഇറങ്ങിയോടി. സ്റ്റാൻഡിലുണ്ടായിരുന്നവർ ബസ് തള്ളി മാറ്റിയാണ് പുഷ്പവല്ലിയെ പുറത്തെടുത്തത്. ഉടൻ വടകരയിലെ ആശുപത്രിയിലും പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.