ബിഡദി എ.ഐ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, പദ്ധതി പുനരവലോകനം ചെയ്യാൻ കർണാടക സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗുഹനാഥൻ നരേന്ദ്രൻ അധ്യക്ഷനായ സമിതിയാണ് പദ്ധതി പരിശോധിക്കുക. മുൻ ചീഫ് ജസ്റ്റിസ് എസ്.വി. രംഗനാഥ്, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ എസ്.ആർ. ഉമാശങ്കർ, പ്രസന്നകുമാർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിൻ്റെ നിർദേശം.

നിയമസഭയുടെയും നിയമനിർമാണ കൗൺസിലിൻ്റെയും വർഷകാല സമ്മേളനം ഓഗസ്റ്റ് 13ന് ആരംഭിക്കാനിരിക്കെയാണ് സർക്കാർ സമിതി രൂപീകരിച്ചത്. പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി വൻതോതിൽ കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കർഷകരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.

ഈ പദ്ധതി കോൺഗ്രസ് സർക്കാർ ആരംഭിച്ചതല്ലെന്നും 2006ലെ ബി.ജെ.പി–ജെ.ഡി.എസ് സഖ്യ സർക്കാരിൻ്റെ കാലത്താണ് പദ്ധതിക്ക് രൂപം നൽകിയതെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഭൂമി ഉടമകളിൽ സമ്മർദം ചെലുത്തി ഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ജെ.ഡി.എസ് വിഭാഗവും ചേർന്ന് ബിഡദിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മൂന്ന് ദിവസത്തെ പദയാത്ര ആരംഭിച്ചു. യുവജനതാദൾ എസ് സംസ്ഥാന അധ്യക്ഷൻ നിഖിൽ ഗൗഡ നയിക്കുന്ന പദയാത്ര ബൈരമംഗലയിൽ കേന്ദ്രമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് ആർ. അശോകയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

‘നമ്മ ഭൂമി, നമ്മ ഹക്കു’ (നമ്മുടെ ഭൂമി, നമ്മുടെ അവകാശം) എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. പദ്ധതി റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പദ്ധതി സംബന്ധിച്ച സർക്കാർ സമിതിയുടെ റിപ്പോർട്ട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Related Posts