ഗണേശ ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിനായി പ്ലാസ്റ്റർ ഓഫ് പാരിസ് (പി.ഒ.പി) ഉപയോഗിച്ച് നിർമിച്ച ഗണേശ വിഗ്രഹങ്ങൾ ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുന്നത് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നിരോധിച്ചു.
പി.ഒ.പിക്ക് പുറമെ ഘനലോഹങ്ങൾ അടങ്ങിയ രാസ പെയിന്റുകൾ ഉപയോഗിച്ച വിഗ്രഹങ്ങളും കുളങ്ങൾ, തടാകങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ നിമജ്ജനം ചെയ്യാൻ അനുവദിക്കില്ല. ജലസ്രോതസ്സുകളുടെ മലിനീകരണം തടയുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമാണ് നിയന്ത്രണം. നിയമം കർശനമായി നടപ്പാക്കാൻ ജിബിഎയ്ക്ക് കീഴിലുള്ള അഞ്ച് കോർപറേഷനുകളിലെ കമ്മിഷണർമാർക്ക് സ്പെഷൽ കമ്മിഷണർ സുഷമി ഗൊഡ്ബോലെ നിർദേശം നൽകി.
നിരോധനം ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഗണേശ വിഗ്രഹ നിർമാണത്തിലും നിമജ്ജനത്തിലും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്ന് ജിബിഎ നിർദേശിച്ചു.
ബെംഗളൂരുവിൽ സെപ്റ്റംബർ 14 മുതലാണ് ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ആഘോഷങ്ങൾക്ക് മുന്നോടിയായി വിഗ്രഹ നിർമാണവും നിമജ്ജനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനാണ് അധികൃതരുടെ തീരുമാനം.