ഭൂമി നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം വർഷങ്ങളായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ കർഷകൻ ചെരുപ്പുകൊണ്ട് ആക്രമിച്ചു. ബാഗൽകോട്ട് നഗരവികസന അതോറിറ്റി (ബി.ടി.ഡി.എ) ഓഫീസിലാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബി.ടി.ഡി.എയിലെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ഓഫീസറായ നീലകാന്ത് അങ്കാദിനെയാണ് കർഷകനായ ബസപ്പ ദൊഡ്ഡമണി ആക്രമിച്ചത്. കൃഷ്ണാനദിയിലെ വെള്ളപ്പൊക്കത്തിൽ പത്ത് വർഷം മുമ്പ് തൻ്റെ നാല് ഏക്കർ കൃഷിഭൂമി നഷ്ടമായെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ബസപ്പയുടെ ആരോപണം.

സമാന സാഹചര്യത്തിൽ ഭൂമി നഷ്ടപ്പെട്ട മറ്റ് കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചപ്പോൾ തന്നെ മാത്രം അധികൃതർ അവഗണിച്ചുവെന്നും ബസപ്പ ആരോപിച്ചു. നഷ്ടപരിഹാരത്തിനായി മാസങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കർഷകർക്ക് നഷ്ടപരിഹാരവും ഭൂമിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘർഷ് സമിതി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. തുടർന്ന് ഓഫീസിനുള്ളിലെത്തിയ ബസപ്പ ഉദ്യോഗസ്ഥനെ ചെരുപ്പുകൊണ്ട് മർദിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ നീലകാന്ത് അങ്കാദ് ബി.ടി.ഡി.എ ചെയർമാൻ പ്രകാശ് തപഷെട്ടിയെ കണ്ട് പരാതി നൽകി. തുടർന്ന് ചെയർമാൻ കർഷകനുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തി.

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൈയേറ്റം നടത്തിയതിനും ബസപ്പയ്‌ക്കെതിരെ നവനഗർ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബാഗൽകോട്ട് എസ്.പി സിദ്ധാർഥ് ഗോയൽ അറിയിച്ചു.

Related Posts