ബെംഗളൂരുവിൽ സി​ക്കിം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കാ​മു​ക​ൻ ക​ഴു​ത്ത​റ​ത്തു കൊ​ന്നു.  അ​തി ഹാം​ഗ്മ സു​ബ്ബ(22) ആ​ണ് മരിച്ചത്. ഡാർജിലിംഗ് സ്വദേശിയായ പുർബ ലെപ്ചയാണ് കേസിലെ പ്രതി.

ദൊഡ്ഡക്കണ്ണഹള്ളിയിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇരുവരും. ഒരു മാസം മുൻപാണ് ജോലിക്കായി ബെംഗളൂരുവിലെത്തിയത്. അതി ഹാംഗ്മ സുബ്ബ ഒരു ബ്യൂട്ടി സലൂണിൽ റിസപ്ഷനിസ്റ്റായും പുർബ ലെപ്ച സ്വകാര്യ ഹോട്ടലിൽ വെയിറ്ററായും ജോലി ചെയ്തുവരികയായിരുന്നു.

ഞായറാഴ്ച പുലർച്ചെയുണ്ടായ തർക്കമാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ വാക്കേറ്റം രൂക്ഷമായതോടെയാണ് ആക്രമണം നടന്നതെന്നാണ് അന്വേഷണസംഘത്തിൻ്റെ പ്രാഥമിക കണ്ടെത്തൽ.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ബെല്ലന്ദൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts