മല്ലേശ്വരത്ത് പ്രണയം നിരസിച്ചതിൻ്റെ പേരിൽ നടുറോഡിൽ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാംപുര പോലീസ് സ്ഥിരം കുറ്റവാളിയായ വിഘ്നേഷ് എന്ന സഞ്ജയ് (26), സുഹൃത്ത് ഹരീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സോളദേവനഹള്ളിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്.
വ്യാഴാഴ്ച പകൽ സമയത്ത് മല്ലേശ്വരത്തെ മന്ത്രി സ്ക്വയർ മാളിന് സമീപം കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 20 കാരിയായ യാമിനി പ്രിയയെയാണ് ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ കോളേജിലെ ബി ഫർമാ വിദ്യാർത്ഥിനിയായിരുന്നു യാമിനി പ്രിയ.
തന്നെ വിവാഹം കഴിക്കാൻ വിഘ്നേഷ് യാമിനിയെ നിർബന്ധിച്ചിരുന്നതായും എന്നാൽ അവൾ അത് പലതവണ നിരസിച്ചിരുന്നതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) ബി എസ് നെമഗൗഡ പറഞ്ഞു. ഇതിൽ പ്രകോപിതനായ അയാൾ ഹരീഷിൻ്റെ സഹായത്തോടെ യാമിനിയെ കൊല്ലാൻ പദ്ധതിയിട്ടതാണെന്നും പോലീസ് പറഞ്ഞു. വിഘ്നേഷിനെ മോട്ടോർ സൈക്കിളിൽ സ്ഥലത്തെത്താൻ ഹരീഷ് സഹായിച്ചതായും യാമിനിപ്രിയയെ കാത്തിരിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ഇരുചക്ര വാഹനം പോലീസ് പിടിച്ചെടുത്തു. വിഘ്നേഷ് ‘മിഷൻ യാമിനി പ്രിയ’ എന്ന പേരിൽ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് പോലും സൃഷ്ടിച്ച് അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അവളുടെ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി അയാൾ തൻ്റെ അഞ്ച് സുഹൃത്തുക്കളെ ഗ്രൂപ്പിൽ ചേർത്തതായി റിപ്പോർട്ടുണ്ടെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
