സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന സർവീസ് ഓടിച്ച് ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല. പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവറായ ഷീലയുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ദിവസത്തെ പ്രത്യേക സർവീസ് നടത്തുക. ബസിലെ കണ്ടക്ടറായും വനിതാ ജീവനക്കാരി തന്നെയായിരിക്കും സേവനമനുഷ്ഠിക്കുക.
സംസ്ഥാനത്തുടനീളം 3,125 ബസുകളിലാണ് പദ്ധതിയുടെ ഭാഗമായി സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരുമടക്കം ഇരുപതോളം വിശിഷ്ടാതിഥികൾ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കും. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് ഉദ്ഘാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്.
സൗജന്യ യാത്ര ചെയ്യുന്നവർക്ക് നൽകുന്ന ടിക്കറ്റുകളിൽ ‘പ്രിയദർശിനി’ എന്ന പ്രത്യേക രേഖപ്പെടുത്തൽ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് കണ്ടക്ടർമാർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
പദ്ധതിയുടെ സാമ്പത്തിക നടത്തിപ്പിനായി ബാങ്കുകളുടെ സഹായത്തോടെ പ്രത്യേക ധനകാര്യ സംവിധാനം ഒരുക്കാനുള്ള ശ്രമവും കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. സർക്കാർ ഗ്യാരന്റിയിൽ ഓവർഡ്രാഫ്റ്റ് സൗകര്യം ലഭ്യമാക്കി ഓരോ മാസവും തുടക്കത്തിൽ തന്നെ ആവശ്യമായ തുക ലഭ്യമാക്കാനാണ് നീക്കം. ബാങ്കുകളുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
അതേസമയം, പദ്ധതിക്കായുള്ള ഔദ്യോഗിക ലോഗോയുടെ രൂപകൽപനയും പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴൽചിത്രം ഉൾക്കൊള്ളുന്ന പുതിയ ഡിസൈൻ സിഡിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നു. ലോഗോ ബസുകളിൽ പതിപ്പിക്കുന്ന നടപടികൾ ഉദ്ഘാടനത്തിന് മുൻപ് പൂർത്തിയാക്കും.
ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസ് ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും ജൂൺ 15 മുതൽ സൗജന്യ യാത്ര ലഭ്യമാകുക. സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയായാണ് ‘പ്രിയദർശിനി’യെ വിലയിരുത്തുന്നത്.
എഴ് വിഭാഗം ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം
സാധാരണ ഓർഡിനറി സർവീസ്
സിറ്റി ഓർഡിനറി ബസ്
ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്
ടൗൺ ടു ടൗൺ ബസ്
ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
പോയിന്റ് ടു പോയിന്റ് ഓർഡിനറി സർവീസ്
ഗ്രാമവണ്ടി സർവീസ്
പ്രിയദർശിനി’ പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മെമ്മോറാണ്ടം പുറത്തിറക്കി. സൗജന്യ യാത്രയ്ക്ക് യാതൊരുവിധ ദൂരപരിധി ഉണ്ടായിരിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസ്സുകളിൽ സൗജന്യമില്ല. ഉത്സവകാല സ്പെഷ്യൽ, വീക്ക് എൻഡ് അഡീഷണൽ സർവീസുകളിൽ ആനുകൂല്യം ബാധകമല്ല. ബിറ്റിസി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിലും സൗജന്യം ഉണ്ടാവില്ല.
ബസ് തിരിച്ചറിയലും ടിക്കറ്റ് വിതരണവും
സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ അറിഞ്ഞിരിക്കേണ്ടത്
സൗജന്യ ബസ്സുകളുടെ മുന്നിലും ഇരുവശത്തും ‘പ്രിയദർശിനി’ എന്ന് രേഖപ്പെടുത്തും
സ് ത്രീകൾക്ക് തുക ഈടാക്കാതെ നിർബന്ധമായും ‘സീറോ ടിക്കറ്റ്’ നൽകും
ടിക്കറ്റിൽ യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലം രേഖപ്പെടുത്തും
കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ സ് ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടിക്കറ്റുകൾ നൽകും
കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ ലഗേജ് ടിക്കറ്റ് എടുക്കണം
ജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും കർശന നടപടിയും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സീറോ ടിക്കറ്റ് നൽകാതിരിക്കുന്നതും യാത്രക്കാരില്ലാതെ ടിക്കറ്റ് അടിക്കുന്നതും തെറ്റ്
സ്ത്രീകൾക്ക് ടിക്കറ്റ് നൽകാതിരിക്കുകയോ പണം ഈടാക്കുകയോ ചെയ്താൽ നടപടി
പുരുഷന്മാർക്ക് വനിതകളുടെ സൗജന്യ ടിക്കറ്റ് നൽകിയാൽ കർശന നിയമനടപടി
വനിതാ യാത്രക്കാരോട് സൗഹാർദ്ദപരമായും മാന്യമായും പെരുമാറണം
സ്ത്രീകൾക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനും അവസരമൊരുക്കണം
സൗജന്യമില്ലാത്ത ബസ്സുകളിൽ കയറും മുൻപ് കണ്ടക്ടർമാർ വിവരം സ്ത്രീകളെ അറിയിക്കണം
രാത്രിയിൽ ബസ് നിർത്തുന്നതിനുള്ള നിലവിലെ നിർദ്ദേശം പാലിക്കണം
പ്രിയദർശനി പദ്ധതിയുടെ ഭാഗമായി ഓടുന്ന കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിശീലനം നൽകും. ഇറ്റിഎം മെഷീനുകളിൽ ‘സീറോ ഫെയർ’ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. എല്ലാ മാസവും വരുമാന വിവര റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറും.തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾ ക്രമീകരിക്കും. ആവശ്യമായ ജീവനക്കാരെയും ബസ്സുകളെയും സെക്ഷൻ മേധാവികൾ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.