സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പൊതുസ്വത്തുക്കളിലും സ്വകാര്യ സംഘടനകളും കൂട്ടായ്മകളും പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുൻകൂർ സർക്കാർ അനുമതി നിർബന്ധമാക്കുന്ന ബിൽ കർണാടക മന്ത്രിസഭ അംഗീകരിച്ചു. Karnataka Regulation of Use of Government Premises and Public Property Bill, 2026 എന്ന പേരിലുള്ള ബിൽ നിലവിലെ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

സർക്കാർ കെട്ടിടങ്ങൾ, സർക്കാർ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൈതാനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയിൽ സ്വകാര്യ സംഘടനകൾ നടത്തുന്ന പരിപാടികൾ, യോഗങ്ങൾ, റാലികൾ, ഘോഷയാത്രകൾ തുടങ്ങിയവ പുതിയ നിയമത്തിൻ്റെ പരിധിയിൽ വരും. പൊതുസ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുമാണ് നിയമനിർമാണമെന്നാണ് സർക്കാർ വിശദീകരണം.

നിലവിൽ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി ആവശ്യമാണ്. പുതിയ ബിൽ നിയമമാകുന്നതോടെ ഇതിന് നിയമപരമായ ചട്ടക്കൂട് ലഭിക്കും. പരിപാടിയുടെ സ്വഭാവം, സ്ഥലം, പങ്കെടുക്കുന്നവരുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും അനുമതി നൽകുക. അതേസമയം, ഒരു പ്രത്യേക സംഘടനയെ ലക്ഷ്യമിട്ടുള്ള നിയമമല്ല ഇതെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഉൾപ്പെടെ എല്ലാ സംഘടനകൾക്കും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതോടെ ബിജെപിയും ആർ.എസ്.എസും ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ട്. പൊതുസ്ഥലങ്ങളിലെ ആർ.എസ്.എസ് പരിപാടികളും റൂട്ട് മാർച്ചുകളും സംബന്ധിച്ച നേരത്തെയുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമനിർദേശം കൂടുതൽ രാഷ്ട്രീയ ശ്രദ്ധ നേടുന്നത്.

Related Posts