രണ്ട് ദിവസത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡൽഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തിൽ അടിയന്തര യോഗം ചേർന്നു. എസ് ജയശങ്കർ അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ മടക്കം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു. പ്രധാനമന്ത്രിയോടൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള സംഘവും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രംഗത്തെത്തി.
സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ അറിയിച്ചു. ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച.
അടിയന്തര മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരും. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങൾ യോഗം അവലോകനം ചെയ്യും. സൈന്യവും പോലീസും ചേർന്ന് ജമ്മുകശ്മീരിൻ്റെ വിവിധ മേഖലകളിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. 28 പേർക്ക് ഭീകാരാക്രണത്തിൽ ജീവൻ നഷ്ടമായി. കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനുമുണ്ട്.
മകളുടെ മുന്നിൽ വച്ചാണ് കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ സൈനിക വേഷത്തിലെത്തിയവർ വെടിയുതിർത്തത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ദ റസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ എൻഐഎ സംഘം സംഭവസ്ഥലം സന്ദർശിക്കും. ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് തന്നെ പൂർത്തിയാക്കുമെന്നാണ് വിവരം.