കഥകളുടെ വ്യത്യസ്തമായ ലോകവുമായി ഡോ. പ്രേംരാജ് കെ.കെയുടെ പുതിയ ചെറുകഥാ സമാഹാരം ‘മങ്ങിയ നീലബിന്ദു’ ഉടൻ പ്രസിദ്ധീകരിക്കും. 12 ചെറുകഥകൾ ഉൾക്കൊള്ളുന്ന സമാഹാരത്തിന് പ്രശസ്ത സാഹിത്യനിരൂപകൻ എം.കെ. ഹരികുമാറാണ് അവതാരിക എഴുതിയിരിക്കുന്നത്.
ചെറുകഥ, നോവൽ രംഗങ്ങളിൽ തനതായ രചനാശൈലിയിലൂടെ ശ്രദ്ധേയനായ പ്രേംരാജ് കെ.കെയുടെ പുതിയ സമാഹാരം വായനക്കാർക്ക് വേറിട്ട അനുഭവമാകുമെന്നാണ് പ്രതീക്ഷ. ജീവിതത്തിലെ വളവുകളും തിരിവുകളും അപ്രതീക്ഷിത സാഹചര്യങ്ങളും മനുഷ്യാനുഭവങ്ങളും കഥകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് എഴുത്തുകാരൻ പറയുന്നു. ചുറ്റുപാടുകളിൽ കാണുന്നതും അനുഭവിക്കുന്നതുമായ ജീവിതസന്ദർഭങ്ങൾ പുതിയ കാഴ്ചപ്പാടുകളിലൂടെയാണ് സമാഹാരത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
2026ൽ ഇതിനകം നാലു പുസ്തകങ്ങളാണ് പ്രേംരാജ് പ്രസിദ്ധീകരിച്ചത്. ‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’ എന്ന ത്രില്ലർ നോവലും ‘ഉൽക്ക’ എന്ന അന്വേഷണാത്മക ബാലനോവലും ഇതിൽ ഉൾപ്പെടുന്നു. ‘ഉൽക്ക’ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, കന്നഡ ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡ വിവർത്തനം മേരി ജോസഫിൻ്റെതാണ്. പുതുവത്സര സമ്മാനമായി വായനക്കാർക്ക് പുസ്തകം ഉടൻ പ്രതീക്ഷിക്കാമെന്ന് പ്രേംരാജ് കെ.കെ. അറിയിച്ചു.