തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലക്കാട് അനങ്ങനടി പഞ്ചായത്തിൽ പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരുടെ അച്ഛൻ രവീന്ദ്രൻ (59) അമ്മ പാർവതി (53), ദിവ്യയുടെ ഇരട്ടസഹോദരി രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), ഇവരുടെ മക്കൾ അഭിൻദേവ് (12), അഖിൽദേവ് (9), വിനീതിൻ്റെ അമ്മ സരോജിനി (68) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ കൃഷ്‌ണഗിരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. കുടുംബാംഗങ്ങളുമൊത്ത് ബെംഗളൂരു സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബംഗ്ലൂരുവിലെ ബന്ധുവിന്റെ താമസസ്ഥലത്തുനിന്ന് ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഘം നാട്ടിലേക്ക് തിരിച്ചത്.

ഇവർ സഞ്ചരിച്ച കാറിൻ്റെ ചക്രം കേടായതിനെത്തുടർന്ന് മാറ്റിയിടുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്‌നർ ലോറിയിടിക്കുകയായിരുന്നു. കാറിനു പുറത്തിറങ്ങിനിന്ന് ചക്രംമാറ്റിയശേഷം കേടായ ചക്രം കാറിലേക്ക് വെയ്ക്കുകയായിരുന്നു ദീപക്. ദിവ്യ ടോർച്ച് തെളിച്ചു കാണിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ നേർക്ക് ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.

Related Posts