നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലായ കോൺറാഡിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശ പൗരന്മാർ മരിച്ചു. ജർമനി, സ്ലോവാക്യ സ്വദേശികളാണ് വെള്ളിയാഴ്ച (ഒക്ടോബർ 30) വൈകിട്ട് ഉണ്ടായ അപകടത്തിൽ മരിച്ചത്. ഉൽസൂർ മേഖലയിലുള്ള ഹോട്ടലിൻ്റെ മൂന്നാം നിലയിലെ നീന്തൽക്കുളത്തിലായിരുന്നു സംഭവം.
ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹോട്ടലിൽ താമസിച്ചിരുന്ന അമേരിക്കൻ പൗരനും നീന്തൽക്കുളത്തിലെ ജീവനക്കാരനും പരിക്കേറ്റു. ഇവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീന്തൽക്കുളത്തിൽ വൈദ്യുതി പ്രവഹിക്കാനുണ്ടായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.