കർണാടകത്തിലെ അധികാരമാറ്റ ചർച്ചകൾ വീണ്ടും ചൂടുപിടിക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കില്ലെന്ന സൂചനയുമായി സാമൂഹികമാധ്യമമായ എക്‌സിൽ സിദ്ധരാമയ്യയുടെ പോസ്റ്റ്. രാഷ്ട്രീയജീവിതം തനിക്ക് പട്ടുമെത്തയായിരുന്നില്ല. ഒട്ടേറെ ഗൂഢാലോചനകൾ തനിക്കെതിരേയുണ്ടായി. എന്നാൽ, ജനങ്ങളുടെ പിന്തുണയാൽ എല്ലാറ്റിനെയും അതിജീവിച്ചെന്നും സിദ്ധരാമയ്യ കുറിച്ചു.യുദ്ധഭൂമിയിൽനിന്ന് ഓടിപ്പോകില്ലെന്നും താൻ ഭീരുവല്ലെന്നുമാണ് എക്സിൽ കുറിച്ചത്.

കർണാടകയിൽ ഉടനെ അധികാരമാറ്റമുണ്ടാകുമെന്നും സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നും അഭ്യൂഹം ശക്തമാണ്. എന്നാൽ, സിദ്ധരാമയ്യ സ്ഥാനമൊഴിയാൻ തയ്യാറല്ലെന്ന സൂചനയാണ് സിദ്ധരാമയ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും നൽകുന്നത്. ശിവകുമാർ പാർട്ടി ഹൈക്കമാൻഡുമായി ഉടനെ നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും രാമനഗര എം.എൽ.എ. ഇക്ബാൽ ഹുസൈൻ പറഞ്ഞു. 140 എം.എൽ.എ.മാരും മാറ്റംവേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്നാണ് മന്ത്രിമാരും ആഗ്രഹിക്കുന്നതെന്നും ഇക്ബാൽ ഹുസൈൻ കൂട്ടിച്ചേർത്തു.

Related Posts