ബെംഗളൂരു കൊമേഴ്സ്യൽ സ്ട്രീറ്റിലെ സ്റ്റാർബക്സ് കഫേയിൽ ഉപഭോക്താവിൻ്റെ ബാഗിൽനിന്ന് പഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഫേയിലെ ജീവനക്കാരിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയാണ് മോഷണം നടത്തിയതെന്നാണ് പരാതി. മോഷണത്തിനിരയായ യുവാവിൻ്റെ പങ്കാളി ദിഷ ഭാട്ടിയയാണ് ദൃശ്യങ്ങൾ എക്സിലൂടെ പങ്കുവച്ചത്. യുവാവിൻ്റെ ബാഗിനടുത്തെത്തിയ സ്ത്രീ അതിൽനിന്ന് പഴ്സ് എടുത്ത് പോകുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് ദിഷ ആരോപിച്ചു. കഫേയിൽ ഇരിക്കുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദിഷ ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്തു. പരാതി ലഭിച്ചതായി അറിയിച്ച പൊലീസ്, തുടർനടപടികൾക്കായി കൊമേഴ്സ്യൽ സ്ട്രീറ്റ് പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ ദിഷയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.