കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. മരണം ആസൂത്രിത കൊലപാതകമാണെന്നും ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സോനയുടെ ഭർത്താവായ രജിൻലാലിനെതിരെ കുടുംബം രംഗത്തെത്തി. ചെറുവണ്ണൂർ സ്വദേശിയായ സോനയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും സോനയുടെ ബന്ധു പറഞ്ഞു. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
‘കാറിനുള്ളിൽ മാരകമായ എന്തോ വച്ചിരുന്നു. എന്തുകൊണ്ടാണ് സോനയെ മുൻസീറ്റിൽ ഇരുത്താതെ പിന്നിൽ ഇരുത്തിയത്. അപകടത്തിൽ കൂടുംബത്തിലുള്ള എല്ലാവർക്കെല്ലാം സംശയമുണ്ട്. നാട്ടുകാരും സമാന സംശയം ഉന്നയിച്ചു. അപകടമുണ്ടായപ്പോൾ തോട്ടിൽ പാടി രക്ഷപ്പെടാനാണ് രജീൻ ശ്രമിച്ചത്. പിന്നിലെ ഡോർ തുറന്നില്ല. സംഭവത്തിൻ്റെ സത്യാവസ്ഥ പുറത്തുവരണം- സത്യൻ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. സോന ആറു മാസം ഗർഭിണിയായിരുന്നു. സോനയെ ഡോക്ടറെ കാണിച്ച ശേഷം സ്വീാറ്റ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെട്ടെന്ന് വണ്ടിയിൽ തീ പടർന്നത്. തീയും പുകയും ഉയരുന്നത് കണ്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. കാറിൻ്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ഫൊറൻസിക് വിഭാഗത്തിൻ്റെ കണ്ടെത്തൽ.
ഡ്രൈവർ സീറ്റിലായിരുന്ന രജിൻ പുറത്തിറങ്ങിയെങ്കിലും കാറിൻ്റെ പിൻഭാഗത്തെ സീറ്റിലായിരുന്ന സോന ഡോർ ലോക്ക് ആയതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത് അപകടത്തിൽ സോനയുടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.