പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ഈ വർഷത്തെ ഓണാഘോഷവും അസോസിയേഷൻ്റെ പത്താം വാർഷികവും വർണശബളമായി ആഘോഷിച്ചു. സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഒരുമയുടെയും നിറവിൽ ഓർമ്മകളിൽ എന്നും മായാതെ നിൽക്കുന്ന ഒരു ആഘോഷമായി ‘ചിങ്ങനിലാവ് – 2026’ മാറി.
കേരളത്തിൻ്റെ തനിമയും ഓണത്തിൻ്റെ പാരമ്പര്യവും വിളിച്ചോതിയ വിവിധ കലാപരിപാടികളിലൂടെ അസോസിയേഷൻ അംഗങ്ങൾ വേദിയെ സജീവമാക്കി. തുടർന്ന് പ്രശസ്ത ഗായകരായ ബിജു നാരായണൻ, രഞ്ജിനി ജോസ്, റിച്ചു എന്നിവർ അണിനിരന്ന മെഗാ മ്യൂസിക്കൽ ഇവന്റ് ആഘോഷത്തിന് കൂടുതൽ മിഴിവേകി.
ഓണാഘോഷത്തിൻ്റെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു പാചക കലയുടെ മാന്ത്രികൻ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ. കേരളത്തിൻ്റെ തനത് രുചികൾ നിറഞ്ഞ സദ്യ ആഘോഷത്തിൻ്റെ മാധുര്യം ഇരട്ടിയാക്കി.
മുൻ എം.എൽ.എയും മുൻ മന്ത്രിയുമായ അരവിന്ദ് ലിംബാവലി, പ്രശസ്ത മ്യൂസിക് ഡയറക്ടർ ശരത്, പഴയിടം മോഹനൻ തിരുമേനി എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ അരുൺ കുമാർ സ്വാഗതം ആശംസിക്കുകയും, പ്രസിഡണ്ട് രമേഷ് കുമാർ അധ്യക്ഷ പ്രസംഗം നടത്തുകയും, ജനറൽ സെക്രട്ടറി രാഗേഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ചെയർമാൻ ഡി.ആർ.കെ.പിള്ള, സെൻട്രൽ കമ്മിറ്റി കോർഡിനേറ്റർ സന്തോഷ് കുമാർ, വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ ഫെർണാണ്ടസ്, സെക്രട്ടറി ബിജു സുന്ദർ, ഹൂഡി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് കുമാർ, സെക്രട്ടറി ജിജോ, മാർത്തഹള്ളി ബ്രാഞ്ച് പ്രസിഡണ്ട് പ്രജോഷ്, സെക്രട്ടറി ബ്രിജേഷ്, കോർഡിനേറ്റർ ശശി നമ്പ്യാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.