ഓണക്കാലത്ത് പാചകവാതക സിലിണ്ടർ ലഭ്യതയിൽ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. ബുക്ക് ചെയ്ത സിലിണ്ടർ രണ്ട് ദിവസത്തിനകം വിതരണം ചെയ്യാൻ കഴിയാത്ത പക്ഷം ബുക്കിംഗ് റദ്ദാക്കുന്ന രീതി എണ്ണക്കമ്പനികൾ നടപ്പാക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ആശങ്കയ്ക്ക് കാരണം.

വിതരണത്തിലെ കാലതാമസം ഉപഭോക്താവിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെങ്കിലും ബുക്കിംഗ് റദ്ദാക്കപ്പെടുന്നതായാണ് പരാതി. ചില മേഖലകളിൽ പ്രതിദിനം ഏകദേശം 3,000 ബുക്കിംഗുകൾ വരെ റദ്ദാക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ബുക്കിംഗ് റദ്ദാക്കിയ വിവരം അറിയാതെ ഉപഭോക്താക്കളും വിതരണ ഏജൻസികളും തമ്മിൽ തർക്കങ്ങളും ഉണ്ടാകുന്നുണ്ട്.

ബിപിസിഎൽ ഏജൻസികളിലാണ് പ്രശ്നം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും രണ്ട് ദിവസത്തിനകം സിലിണ്ടർ എത്തിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്നാണ് വിതരണക്കാരുടെ നിലപാട്. എന്നാൽ വിതരണം വൈകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പില്ലാതെ ബുക്കിംഗ് റദ്ദാക്കുന്നതാണ് ഉപഭോക്താക്കളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

അതേസമയം, നിലവിലെ നിയന്ത്രണങ്ങൾക്കിടെയാണ് പുതിയ പ്രശ്നവും ഉയരുന്നത്. ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തിനും നഗരപ്രദേശങ്ങളിൽ 25 ദിവസത്തിനും ശേഷമാണ് വീണ്ടും പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയുന്നത്. നിയന്ത്രണങ്ങൾ എപ്പോൾ പിൻവലിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.

ഓണം അടുത്തിരിക്കെ പാചകവാതക വിതരണത്തിൽ തടസ്സമുണ്ടായാൽ വീടുകളിലും ഹോട്ടലുകളിലും ഭക്ഷ്യവിതരണ മേഖലയിലും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരമാണ് ബുക്കിംഗ് റദ്ദാക്കുന്നതെന്നാണ് പറയപ്പെടുന്നതെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക രേഖാമൂലമുള്ള നിർദേശം ലഭ്യമല്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Related Posts