ബെംഗളൂരുവിലെ നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. ഓഗസ്റ്റ് 6-ന് ആകെ 8,26,883 യാത്രക്കാരാണ് മെട്രോ സർവീസ് ഉപയോഗിച്ചത്. 2022 ഓഗസ്റ്റ് 15-ന് രേഖപ്പെടുത്തിയ 8.25 ലക്ഷം യാത്രക്കാരുടെ റെക്കോർഡാണ് ഇതോടെ മറികടന്നത്.
നഗരത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്കും മഴയെത്തുടർന്നുള്ള യാത്രാ ബുദ്ധിമുട്ടുകളും വർധിച്ചതോടെ കൂടുതൽ പേർ മെട്രോയെ ആശ്രയിച്ചതാണ് യാത്രക്കാരുടെ എണ്ണത്തിലെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജൂൺ മാസത്തിലും നമ്മ മെട്രോ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. ആ മാസം പ്രതിദിന ശരാശരി 7.45 ലക്ഷം യാത്രക്കാർ മെട്രോ ഉപയോഗിച്ചതായും ഏകദേശം ₹58.23 കോടി വരുമാനം ലഭിച്ചതായും ബി.എം.ആർ.സി.എൽ കണക്കുകൾ വ്യക്തമാക്കുന്നു.
നഗരത്തിൻ്റെ പ്രധാന ഗതാഗത മാർഗമായി മെട്രോയുടെ പ്രാധാന്യം വർധിക്കുന്ന സാഹചര്യത്തിലാണ് തുടർച്ചയായി യാത്രക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നത്. നിലവിലെ മെട്രോ ശൃംഖലയിൽ ദിവസേന എട്ട് ലക്ഷത്തിലധികം യാത്രക്കാർ ആശ്രയിക്കുന്നതായി സർക്കാർ ഓഡിറ്റ് റിപ്പോർട്ടിലും വ്യക്തമാക്കുന്നു.