ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട്. എറണാകുളത്ത് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഒന്നിൽ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് പൊലീസിൻ്റെ നീക്കം.
അർജുനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കസ്റ്റഡിയിൽ വാങ്ങുമെന്നും റൂറൽ എസ്.പി അറിയിച്ചു. അതേസമയം, ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ച തന്നെ കണ്ണൂർ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നാണ് വിവരം.
അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഒളിവിൽ കഴിയാൻ സഹായിച്ചവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണ്. ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷ കോതമംഗലം പൊലീസ് ഇന്ന് തലശ്ശേരി കോടതിയിൽ സമർപ്പിക്കും.
അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചത് സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അറസ്റ്റ് ചെയ്ത ശേഷം കൂടുതൽ ചോദ്യം ചെയ്യലിലൂടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.