ഫേസ് ക്രീം മാറ്റി വെച്ചതിന് കമ്പിപ്പാര കൊണ്ട് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ അറസ്റ്റിൽ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. സരസു എന്ന 70 വയസുകാരിയെ ആണ് മകൾ 30 വയസുകാരി നിവിയ അതിക്രൂരമായി മർദിച്ചത്. കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ എറണാകുളം പനങ്ങാട് നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു.
നിവിയ നേരത്തെ ഒരു കൊലപാതക കേസിലും ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ഒരു ലഹരിക്കേസിലും പ്രതിയാണ്. ക്രിമിനൽ പശ്ചാത്തലമാണ് നിവിയക്ക് ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിവിയ നിരന്തരമായി അമ്മയുമായി പ്രശ്നമുണ്ടാക്കാറുണ്ട്. സംഭവത്തിന് ശേഷം അമ്മ പൊലീസിൽ പരാതി നൽകി. കേസെടുത്തു എന്ന് അറിഞ്ഞതോടെ നിവിയ ഒളിവിൽ പോയി. പനങ്ങാട് പൊലീസ് വയനാട് മാനന്തവാടിയിൽ നിന്നാണ് നിവിയയെ കസ്റ്റഡിയിലെടുത്തത്. പിടിയിലാകുന്ന സമയത്ത് 10 വയസുള്ള കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.