മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അക്രമികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു. ഇഷോക്ക്, ശാന്തിപൂർ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. ആക്രമണത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മണിപ്പൂരിലെ ആക്രമണത്തിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിക്കുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ വാഹനത്തിൽ ഒന്നിലധികം ഉടമകൾ ഉള്ളതായി കണ്ടെത്തിയെന്നും അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നുവെന്നും മണിപ്പൂർ പൊലീസ് പറഞ്ഞു. ഈ മാസം 19 ന് ബിഷ്ണുപൂരിൽ വെച്ചായിരുന്നു സൈനിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. അക്രമങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗവർണർ അജയ്കുമാർ ഭല്ല വ്യക്തമാക്കിയിരുന്നു.