ഡൊണാള്‍ഡ് ട്രംപിൻ്റെ നിർദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ന് രാവിലെയാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തിയത്. പുതിയ യുഎസ് ഭരണകൂടത്തിലെ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള റൂബിയോയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് റൂബിയോ ക്ഷണം കൈമാറിയത്. രാവിലെ കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും അതിനോട് ചേർന്നുള്ള നിർമ്മല ശിശുഭവൻ എന്ന അനാഥാലയവും സന്ദർശിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. വരും ദിവസങ്ങളില്‍ തന്നെ പ്രധാനമന്ത്രിയുടെ വാഷിംഗ്ടണ്‍ സന്ദർശനം ഉണ്ടായേക്കുമെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ പ്രത്യാശ പ്രകടിപ്പിച്ചു.