ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സർഗ്ഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ദീപ്തി ഹാളിൽ നടന്ന പുസ്തകപ്രകാശനം ശ്രദ്ധേയമായി. സർഗ്ഗധാര അംഗം ശ്രീലത ഉണ്ണിയുടെ ഇമ്മിണി വല്യൊരു കണ്ണട വേണം എന്ന ആദ്യ കവിതാ സമാഹാരമാണ് പ്രകാശനം ചെയ്തത്. കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ ഇന്ദിരാബാലന് കോപ്പി നൽകിക്കൊണ്ട് എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
സർഗ്ഗധാര പ്രസിഡണ്ട് ശാന്തമേനോൻ പുസ്തകം പരിചയപ്പെടുത്തി. സുധാകരൻ രാമന്തളിയും ഇന്ദിരാബാലനും പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. പ്രസാധകരായ സാഹിത്യ പബ്ലിക്കേഷനെ പ്രതിനിധീകരിച്ച് സുദീപ് തെക്കേപ്പാട്ട് സംസാരിച്ചു. ശ്രീജേഷ്, കെ.വി.ഗോപാലകൃഷ്ണൻ, ഗോപിദാസ്, അനിത പ്രേംകുമാർ, പ്രീത, രാജേഷ്, നന്ദകുമാർ, കൃഷ്ണകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ശ്രീജേഷ്, കൃഷ്ണപ്രസാദ്, പി.കൃഷ്ണകുമാർ, ഷാജി അക്കിത്തടം, പി.എൽ.പ്രസാദ് എന്നിവരടങ്ങിയ സർഗ്ഗധാര ടീമാണ് ചടങ്ങ് നിയന്ത്രിച്ചത്. ഇരുപത്തിയഞ്ച് വർഷമായി ബംഗളുരു യെലഹങ്കയിൽ താമസിക്കുന്ന ശ്രീലത ഉണ്ണി ഹരിപ്പാട് താമല്ലാക്കൽ സ്വദേശിനിയാണ്.