ബംഗളൂർ ചിക്കജാലയിൽ നൈജീരിസ്റ്റൻ സ്വദേശിനി ലൊവേതിനെ (33) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തായ ഘാന സ്വദേശി അറസ്റ്റിലായി. ബി.ടി.എം ലേഔട്ടിൽ താമസിക്കുന്ന സാമൺസ് ബപുങ ആണ് പിടിയിലായത്. ഇലക്ട്രോണിക് സിറ്റിയിലായിരുന്നു യുവതി താമസിച്ചിരുന്നത്.
നഗരത്തിലെ സ്വകാര്യ കമ്പനിയിൽ 5 വർഷംമുമ്പ് ജോലി ലഭിച്ചെത്തിയ സാമൺസ് ബപുങ യുവതിയുമായി പരിചയത്തിലായി. പിന്നീട് പല തവണയായി യുവതിക്ക് പണം കടം നൽകിയിരുന്നു. പണം തിരിച്ചു കിട്ടാതായപ്പോൾ സാമൺസ് കൊലപാതകം ആസുത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതിയെ ഏപ്രിൽ 30 ന് കാറിൽ കൊണ്ടുപോയ യുവാവ് ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ചിക്കജാലയിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ചിക്ക ജാലയിൽ വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ചിക്കജാല പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചത്.