പത്തനം തിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിക്കെതിരെ കേസെടുത്ത് പോലീസ്. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശാല സ്വദേശിയായ ഇരുപതുകാരനെതിരെ പോലീസ് കേസെടുത്തത്. അക്ഷയ സെന്റർ ജീവനക്കാരിയാണ് കൃത്രിമം കാട്ടിയതെന്ന വിദ്യാർഥിയുടെ മൊഴി പോലീസ് പരിശോധിച്ചു.
കേസിലെ ദുരൂഹത നീക്കാൻ ജീവനക്കാരിയെ വിശദമായി ചോദ്യം ചെയ്തു. നെയ്യാറ്റിന്‍കര അക്ഷയ കേന്ദ്രത്തിലെ കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്കും കസ്റ്റഡിയിലെടുത്തു. അതിനിടെ വിദ്യാര്‍ഥിക്കെതിരെ ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തു.
ഒരു മണിക്കൂറോളം വിദ്യാർഥി പരീക്ഷ എഴുതിയശേഷമാണ് ഇതേ നമ്പറിൽ മറ്റൊരു വിദ്യാർഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.വിദ്യാർഥിയുടെ മാതാവ് നെയ്യാറ്റിൻകരയിലെ അക്ഷയ സെൻ്ററിലെത്തുകയും പരിക്ഷയുടെ അപേക്ഷ സമർപ്പിക്കാൻ ജീവനക്കാരിയെ ചുമതലപ്പെടുത്തുകയും പണം നൽകുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു.
പിന്നീട് അക്ഷയ സെന്റർ ജീവന ക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാൾ ടികറ്റ് അയച്ചുകൊടുത്തത്.തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻ്ററിലാണ് വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം.