ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സമഗ്ര സംഭാവന നൽകിയ എഴുത്തുകാർക്ക് വേണ്ടി സർക്കാർ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.

സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി പറഞ്ഞു. ആവിഷ്‌കാരത്തിൻ്റെ ഭിന്നവഴികളിലൂടെ കെ.ജി ശങ്കരപ്പിള്ളയുടെ കവിത കഴിഞ്ഞ അരനൂറ്റാണ്ടായി ശക്തമായ സാന്നിധ്യമാണെന്നും മലയാളികൾക്ക് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. വിവിധ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. 1998ൽ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിന് അർഹനായി. 2002ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും ലഭിച്ചു. 2019ൽ കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.

Related Posts