സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ കൂടുതൽ റോഡുകളിൽ പേ ആൻഡ് പാർക്കിങ് നിലവിൽ വരുന്നതോടെ ബാംഗ്ലൂർ നഗരത്തിൽ ഗതാഗതക്കുരുക്കു രൂക്ഷമായേകും. റോഡിൻ്റെ ഒരു വശത്താണു പാർക്കിങ് അനുവദിക്കുന്നത്. നിലവിൽ പാർക്കിങ്ങുള്ള റോഡുകൾക്കു പുറമേ പ്ലാനറ്റേറിയം റോഡ്, സെൻ്റ് ജോൺസ് ചർച്ച് റോഡ്, സഫീന പ്ലാസ – ഡിസ്പെൻസറി റോഡ്, ഡിക്കിൻസൺ റോഡ്, കാമരാജ് റോഡ് – ഒപിഎച്ച് റോഡ്, മില്ലേഴ്‌സ് റോഡ് ജംക്ഷൻ, ബിവി കെ അയ്യങ്കാർ റോഡ്, ടി.മാരപ്പ റോഡ്, വാണി വിലാസ് റോഡ്എന്നിവിടങ്ങളിലാണു പുതുതായി പേ പാർക്കിങ് ഏർപ്പെടുത്തുന്നത്. ഇരുചക വാഹനങ്ങൾക്ക് ആദ്യ ഒരു മണിക്കൂറിനു 15 രൂപയും പ്രതിദിനം 75 രൂപയും പ്രതിമാസം 1500 രൂപയും കാറുകൾക്കു യഥാക്രമം 30 രൂപ, 150 രൂപ, 3000 രൂപയുമാണു നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോഴും തിരിച്ചെടുക്കുമ്പോഴും റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾ കുരുക്കിൽപെടാൻ സാധ്യതയേറും. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർമ്മിച്ച റോഡുകളിൽ ചിലതിൽ മാത്രമാണ് കാർ പാർക്കിങ്ങിന് സൗകര്യമുള്ളത്. വീതി കുറഞ്ഞ റോഡുകളിൽ ഇത് വിപരീത ഫലം ഉണ്ടാക്കും. പാർക്കിങ് ഫീസ് ഈടാക്കുന്ന റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകളും നിരക്കും പ്രദർശിപ്പിക്കും. ഇതിനിടെ പാർക്കിങ് ഫീസ് പിരിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികളാണു വരുന്നത്. പരിധിയിൽപെടാത്ത റോഡുകളിലുൾപ്പെടെ ഏജൻസികൾ അനധികൃത പിരിവ് നടത്തുന്നതായി പരാതി ഉയരുന്നുണ്ട്. നേരിട്ട് പാർക്കിങ് ഫീസ് പിരിക്കാൻ ഏജൻസികൾക്ക് അനുമതി നൽകിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന ഡിജിറ്റൽ പാർക്കിങ്ങിന് പകരമായിട്ടാണിത്.