ഇന്ത്യൻ സൈന്യത്തിൻ്റെ നിർണ്ണായക നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയപാതയിൽ രഹസ്യമായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പാകിസ്ഥാനിലെ ചാരസംഘടനകൾക്ക് ചോർത്തി നൽകിയ ആളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് ചക് ധരിവാൾ ഗ്രാമവാസിയായ ബിട്ടു എന്ന ബൽജിത് സിംഗ് ആണ് പിടിയിലായത്. പത്താൻകോട്ട് – ജമ്മു ദേശീയപാത 44-ലെ സുജാൻപൂരിന് സമീപമുള്ള ഒരു കടയിലാണ് ഇയാൾ ഇന്റർനെറ്റ് അധിഷ്ഠിത ക്യാമറ സ്ഥാപിച്ചതെന്ന് സീനിയർ പോലീസ് ഉദ്യോഗസ്ഥൻ ദൽജീന്ദർ സിംഗ് ധില്ലൺ അറിയിച്ചു. ദുബായിലുള്ള അജ്ഞാതനായ ഒരാളുടെ നിർദ്ദേശപ്രകാരമാണ് ജനുവരിയിൽ ക്യാമറ സ്ഥാപിച്ചതെന്നും ഇതിനായി 40,000 രൂപ പ്രതിഫലം ലഭിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.

ക്യാമറയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി പാകിസ്ഥാനിലെയും വിദേശത്തെയും ഹാൻഡ്‌ലർമാർക്ക് കൈമാറുകയായിരുന്നു. പ്രതിയിൽ നിന്ന് സി.സി.ടി.വി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് കണ്ടെടുത്തു. രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുജാൻപൂർ പോലീസ് ബൽജിത് സിംഗിനെ കൂടാതെ വിക്രംജിത് സിംഗ്, തരൺപ്രീത് സിംഗ്, ബൽവീന്ദർ സിംഗ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി എത്തുന്ന ഹെറോയിൻ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളുമായി അറസ്റ്റിലായ പ്രതികളിൽ ചിലർക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Posts