ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തേക്കെത്തിക്കുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷൻ സിന്ധു’വിൻ്റെ ഭാഗമായി 310 ഇന്ത്യക്കാരെ കൂടി ഡൽഹി വിമാനത്താവളത്തിലെത്തിച്ചു. ഇവരെ സുരക്ഷിതരായി ഡൽഹിയിലെത്തിച്ചത് ഇറാനിലെ മഷാദിൽ നിന്നാണ്. ഒരു മലയാളി വിദ്യാർഥിയുമുണ്ട്.

മലപ്പുറം മുടിക്കോട് സ്വദേശി ഫാദിലയാണ് സംഘത്തിലുണ്ടായിരുന്ന മലയാളി. ശനിയാഴ്ച വൈകുന്നേരം 4:30ന് വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തിയെന്നും, ഇതോടെ ഇതുവരെ ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആകെ എണ്ണം 827 ആയെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു. ശനിയാഴ്ച രാവിലെ 3 മണിക്ക് തുർക്ക്മെനിസ്താനിലെ അഷ്ഗാബത്തിൽ നിന്നുമുള്ള 517 പേരുടെ ഇന്ത്യൻ സംഘത്തെ ഡൽഹിയിലെത്തിച്ചിരുന്നു.

110 ഇന്ത്യൻ പൗരന്മാരുടെ ആദ്യ സംഘം വ്യാഴാഴ്ച ഇന്ത്യയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച 290പേരെയും സുരക്ഷിതരായി തിരിച്ചെത്തിച്ചിരുന്നു. ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതരായി രാജ്യത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. നാലായിരത്തിലധികം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്.

Related Posts