മഹാരാഷ്ട്രയിലെ താനെയിൽ ശിവസേന (യുബിടി) നേതാവ് പ്രദീപ് പൂർണേകറെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ഒൻപതോടെ മാനപാഡ മേഖലയിലെ പാർട്ടി ഓഫീസിന് സമീപമായിരുന്നു ആക്രമണം. രണ്ട് തവണ വെടിയേറ്റ പൂർണേകറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
ആക്രമണത്തിന് മുമ്പ് അക്രമികൾ പൂർണേകറെ ശാരീരികമായി മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഫോറൻസിക് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. താനെയിലെ പ്രധാന റോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം ഉൾപ്പെടെയുള്ള വിവിധ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.