കൊഗിലു ലേഔട്ടിലെ ഫഖീർ കോളനിയിൽനിന്ന് കുടിയിറക്കപ്പെട്ട 300 ഓളം കുടുംബങ്ങളിൽ 90 കുടുംബങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരമായി വീടിന് അർഹതയുള്ളുവെന്ന് കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷ്. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സർവേ നടത്തി. 90 പേർ മാത്രമാണ് തദ്ദേശവാസികളായുള്ളത്. എല്ലാ കുടുംബങ്ങൾക്കും താമസ സൗകര്യം ഒരുക്കുമെന്ന അവകാശവാദം മന്ത്രി തള്ളിക്കളഞ്ഞു. യഥാർഥ ഗുണഭോക്താക്കൾക്ക് മാത്രമേ വീടുകൾ നൽകുകയുള്ളുവെന്ന് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
അതേസമയം നിയമവിരുദ്ധമായി വീടുകൾ അനുവദിച്ചാൽ ജനുവരി അഞ്ചിന് ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകി. ആറു വർഷം മുമ്പ് അപേക്ഷിച്ചവർ ഇപ്പോഴും വീടിനാ യി കാത്തിരിക്കുമ്പോൾ ഒരാഴ്ച മുമ്പ് അപേക്ഷിച്ചവരെ പരിഗണിക്കുന്നത് അന്യായമാണ്. ബി.ജെ.പി ഇത് കോടതിയിൽ നിയമപരമായി ചോദ്യം ചെയ്യുമെന്ന് യലഹങ്ക ബി.ജെ.പി എം.എൽ.എ. വിശ്വനാഥ് പറഞ്ഞു. വീടിനായി ഒരു വർഷം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് പോലും ഇതുവരെ വീടുകൾ ലഭിച്ചിട്ടില്ലെന്ന് യലഹങ്ക ബി.ജെ.പി എം.എൽ.എ. വിശ്വനാഥ് ആരോപിച്ചു. മറ്റുള്ളവർക്ക് 10.5 ലക്ഷം രൂപ നൽകേണ്ടി വരുമ്പോൾ ഫഖീർ കോളനിയിൽ നിന്നുള്ളവർക്ക് 2.5 ലക്ഷം മാത്രം ഈടാക്കി വീട് നൽകുന്നെന്നും എം.എൽ.എ കുറ്റ പ്പെടുത്തി.