വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഇടതുവിരലിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ പേർക്ക് വേണ്ടി വോട്ടുചെയ്യുന്നത് തടയാനാണിത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. കെപിസിസി സെക്രട്ടറി എംകെ റഹ്മാൻ ചർച്ചയില്‍ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.
കാഴ്ചപരിമിധി, പ്രായാധിക്യം മൂലമുള്ള അവശതകള്‍ തുടങ്ങിയവയാല്‍ ബുദ്ധിമുട്ടുന്നവർക്ക് പരസഹായം കൂടാതെ വോട്ട് ചെയ്യാൻ സാധിക്കാത്തതിനാല്‍ 18 വയസ് പൂർത്തിയായ മറ്റൊരാളുടെ സഹായം ഇവർക്ക് തേടാനാകും. എന്നാല്‍ ഇതേ സഹായിക്ക് മറ്റൊരാളെ ഇത്തരത്തില്‍ സഹായിക്കാൻ സാധിക്കില്ല.