സി ജെ റോയിയുടെ മരണം സ്ഥാപനത്തിലെ ജോലികളെ ബാധിക്കില്ലെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടി എ ജോസഫ്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ജോസഫ് ഇക്കാര്യം പറഞ്ഞത്. ‘ഏത് പ്രശ്നത്തെയും തരണം ചെയ്ത് കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ടുപോകും. മരിച്ചയാളെ വേട്ടയാടുന്നത് നീതീകരിക്കാനാകില്ല. ചെയർമാൻ സി ജെ റോയിയുടെ ഓഫീസിൽ നടന്നത് ആദായ നികുതി വകുപ്പിൻ്റെ സാധാരണ പരിശോധന മാത്രമാണ്.
കോൺഫിഡന്റ് ഗ്രൂപ്പിന് ബാദ്ധ്യതകൾ ഇല്ല കമ്പനിയുടെ സാമ്പത്തിക അടിത്തറ വളരെ ശക്തമാണ്.വിദേശത്ത് പണം നിക്ഷേപിച്ചു എന്നൊക്കെയുള്ള ആരോപണം തെറ്റാണ്. ആരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ല. കാശ് കിട്ടാനല്ലാതെ കൊടുക്കാനില്ല. കമ്പനിക്ക് നിക്ഷേപകരോ കടമോ ഇല്ല. എല്ലാ സൈറ്റുകളിലും പണി പുനരാരംഭിച്ചിട്ടുണ്ട്. ആർക്കും അവലാതി വേണ്ട.
ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ല. അവർ ശത്രുക്കളല്ല. വർഷങ്ങളുടെ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. സ്ഥിരം നടക്കാറുള്ള പരിശോധനയാണ് അത്. മുൻ വർഷങ്ങളിലും പരിശോധന നടന്നിരുന്നു. അധികൃതരുമായി ആദായ നികുതി വകുപ്പ് ഗ്രൂപ്പ് സഹകരിച്ചിരുന്നു. അവരും നല്ല രീതിയിലാണ് സഹകരിച്ചത്. മോശമായ അനുഭവം ഉണ്ടായിട്ടില്ല. റോയിയുടെ മരണത്തെ സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. ടി.എ ജോസഫ് വ്യക്തമാക്കി