ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷ(DBTA)ൻ്റെ നേതൃത്വത്തിൽ കുവെമ്പു നഗറിലെ കലാസുരുചി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ശ്രദ്ധേയമായി. ഒരു വേദിയിൽ നാല് മലയാള കൃതികളുടെ കന്നഡ വിവർത്തന കൃതികളുടെ പുസ്തക പ്രകാശനം ചെയ്തത് ചടങ്ങിൻ്റെ സവിശേഷതയായി.
ടി.ഡി. രാമകൃഷ്ണയുടെ ‘അന്ധർ–ബധിരർ–മൂകർ’, ജനമ്മ കുഞ്ഞുണ്ണിയുടെ ‘ശിവകാമി’, ഇ.പി. പവിത്രൻ്റെ ‘ഇബ്നു ബത്തൂത്തായുടെ ലോക യാത്രകൾ’, സി.എൻ.ശ്രീകണ്ഠൻ നായരുടെ ‘നാടകത്രയം’ എന്നീ കൃതികളുടെ കന്നഡ പരിഭാഷകൾ ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസ്സോസിയേഷൻ പ്രസിഡണ്ടായ ഡോ.സുഷമ ശങ്കർ പ്രകാശനം ചെയ്തു. ഈ നാലു കൃതികളുടേയും വിവർത്തകൻ ഡിബിടിഎയുടെ സെക്രട്ടറി കെ. പ്രഭാകരൻ ആണ് മലയാളത്തിൽ നിന്ന് കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ഡിബിടിഎ അംഗമായ ബി.ശങ്കറിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഖജാൻജിയായ പ്രൊ. രാകേഷ് സ്വാഗത പ്രസംഗവും പരിപാടിയുടെ അവതരണവും നിർവഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ റെബിൻ രവീന്ദ്രൻ കോർഡിനേറ്ററായി കാര്യനിർവഹണം നടത്തി.
ശശിധർ ഡോംഗ്രെ, മിസ് ചാന്ദിനി, ശൈലജ വേണുഗോപാൽ എന്നിവർ
പുസ്തകാവലോകനം നടത്തി. പരിഭാഷയുടെ നിലവാരവും കൃതികളുടെ സാഹിത്യപ്രാധാന്യവും അവർ വിശദീകരിച്ചു. എഴുത്തുകാരായ ജാനമ്മ കുഞ്ഞുണ്ണിയും ഇ.പി.പവിത്രനും ചടങ്ങിൽ സന്നിഹിതരായിരുന്നു., അവരുടെ സന്തോഷവും അഭിപ്രായങ്ങളും പങ്കുവച്ചു. ഡോ. സുഷമ ശങ്കറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ്, വിവർത്തകൻ കെ. പ്രഭാകരൻ്റെ നന്ദിപ്രസംഗത്തോടെ സമാപിച്ചു.