നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നവർക്ക് കർണാടകയിൽ 1462 ആശുപത്രികളിൽ കാഷ്ലെസ് ചികിത്സ സൗകര്യം ലഭിക്കും. ബെംഗളൂരുവിലെ ആശുപത്രികളാണ് ഇതിൽ ഭൂരിഭാഗവും. രാജ്യത്ത് ആകെ 16167 ആശുപത്രികളിലാണ് നോർക്ക കെയർ പ്രകാരം കാഷ്ലെസ് ചികിത്സ ലഭിക്കുക. ആശുപത്രികളുടെ എണ്ണത്തിൽ മൂന്നാംസ്ഥാനം കർണാടകത്തിനാണ്. എറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് – 2,761 ആശുപത്രികൾ. തമിഴ്നാട്ടിൽ 1612 ആശുപത്രികളിൽ പണംനൽകാതെ തന്നെ ചികിത്സ ലഭിക്കും. വിദേശത്തുള്ളവർ അടക്കമുള്ള പ്രവാസി മലയാളികൾക്കുവേണ്ടി നോർക്ക മുഖേനെ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസാണ് നോർക്ക കെയർ.
ഈ മാസം 30 വരെയാണ് നോർക്ക കെയറിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത്. വെബ്സൈറ്റ് (norkaroots.kerala.gov.in) മുഖേനയും നോർക്ക കെയർ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യാം. എൻആർകെ തിരിച്ചറിയൽ കാർഡുള്ളവർക്കാണ് നോർക്ക കെയറിലും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത്. എൻആർകെ കാർഡില്ലാത്തവർ നോർക്ക വെബ്സൈറ്റ് മുഖേന ആദ്യം ഇതിന് രജിസ്റ്റർ ചെയ്യണം. 24 മണിക്കൂറിനുശേഷം ഇ-കാർഡ് ലഭിക്കും. ഇതിൻ്റെ വിവരങ്ങൾ നൽകി നോർക്ക കെയറിൽ രജിസ്റ്റർ ചെയ്യാം. 5 ലക്ഷം രൂപവരെ ചികിത്സയാണ് നോർക്ക കെയറിൽ ലഭിക്കുക. നാലുപേർ അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് പ്രീമിയം. 70 വയസ്സുവരെ പ്രായമുള്ളവർക്ക് ചേരാം.
കർണാടക പോലെയുള്ള ഇതരസംസ്ഥാനങ്ങളിൽ കേരളത്തിലെക്കാൾ കൂടുതൽ ആശുപത്രികളിൽ കാഷ് ലെസ് ചികിത്സ ലഭിക്കും. വിദേശത്തുള്ള മലയാളികൾക്ക് ചികിത്സവേണ്ടിവന്നാൽ നാട്ടിൽ എത്തണം. ഇതേസമയം ഇതര സംസ്ഥാനങ്ങളിലുള്ള പ്രവസികൾക്ക് അവർ താമസിക്കുന്നിടത്തുതന്നെ ചികിത്സതേടാൻ സാധിക്കും. കേരളത്തിലെ 14 ജില്ലകളിൽ എറണാകുളത്ത് 112 ആശുപത്രികളിൽ കാഷ്ലെസ് ചികിത്സ ലഭിക്കും. തിരുവനന്തപുരം-52, കൊല്ലം 30 , പത്തനംതിട്ട-20, ആലപ്പുഴ-23, കോട്ടയം-34, ഇടുക്കി-11, തൃശ്ശൂർ 60, പാലക്കാട്-28, മലപ്പുറം 30, വയനാട്-9, കോഴിക്കോട്-39, കണ്ണൂർ-27, കാസർകോട്-13, ആശുപത്രികളിലും കാഷ് ലെസ് ചികിത്സ ലഭിക്കും.