ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുതാഴ്ത്തിയതിൽ മനംനൊന്ത് ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു. വനിതാ ഡോക്ടറായ നുസ്രത് പർവീണാണ് അപമാനഭാരം കാരണം ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന് കുടുംബത്തെ അറിയിച്ചത്. ഈ മാസം 20-ന് ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് നുസ്രത്തിൻ്റെ ഈ കടുത്ത തീരുമാനം.

ഡിസംബർ 15-ന് നടന്ന സർക്കാർ നിയമന ചടങ്ങിലായിരുന്നു വിവാദ സംഭവം. വേദിയിൽ വെച്ച് നുസ്രത്തിന് നിയമനക്കത്ത് നൽകുന്നതിനിടെ നിതീഷ് കുമാർ അവരുടെ നിഖാബ് വലിച്ചുതാഴ്ത്തുകയായിരുന്നു. ഉടനെ കൂടെയുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയുടെ കൈയിൽ പിടിച്ചു തടയാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തിക്കിടെ ഉദ്യോഗസ്ഥർ നുസ്രത്തിനെ വേദിയിൽ നിന്ന് വേഗത്തിൽ മാറ്റിനിർത്തുകയും ചെയ്തു.

സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രാജ്യം മുഴുവൻ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിതീഷ് കുമാർ തൻ്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുകയാണെന്നും മതേതര നേതാവായിരുന്ന ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി വിമർശിച്ചു.

Related Posts