കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ.റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൻ്റെ ഗൗരവം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതിന് മുമ്പ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതിയും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി കുടുംബത്തെ അറിയിച്ചത്. വകുപ്പ് മേധാവിയായിരുന്ന ഡോ. എം.കെ. റാം മാനസികമായി പീഡിപ്പിക്കുന്നതായി നിതിൻ നേരത്തെ തന്നെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഡോ. എം.കെ. റാമിനും അധ്യാപിക ഡോ. സംഗീത നമ്പ്യാർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. നിതിന്റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാർത്ഥികൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയും, ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. എം.കെ. റാം വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസിന് മൊഴി നൽകുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് ഡോ. എം.കെ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും കോളേജ് മാനേജ്മെന്റ് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts